എന്നോടൊത്തുണരുന്ന പുലരികളേ - സുകൃതം | Ennodothunarunna Pularikale - Sukrutham (1994)

 

 


 

പോരൂ, പോരൂ.

എന്നോടൊത്തുണരുന്ന പുലരികളേ
എന്നൊടൊത്തു കിനാവുകണ്ടു ചിരിക്കുമിരവുകളേ
എന്നോടൊത്തുണരുന്ന പുലരികളേ
എന്നൊടൊത്തു കിനാവുകണ്ടു ചിരിക്കുമിരവുകളേ
യാത്ര തുടരുന്നു, ശുഭയാത്ര നേർന്നു വരൂ
യാത്ര തുടരുന്നു, ശുഭയാത്ര നേർന്നു വരൂ

ഒരു കുടന്ന നിലാവു കൊണ്ടെൻ
നിറുകയിൽ കുളിർ തീർഥമാടിയ നിശകളേ
നിഴലുമായിണ ചേർന്നു നൃത്തം ചെയ്ത പകലുകളേ
പോരൂ,പോരൂ.
യാത്ര തുടരുന്നു, ശുഭ യാത്ര നേർന്നു വരൂ.

തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ
തുയിലുണർത്താൻ വന്നൊരോണക്കിളികളേ നന്ദി
അമൃതവർഷിണിയായ വർഷാകാലമുകിലുകളേ
ഹൃദയമെരിയേ അലരി മലരായ്
പൂത്തിറങ്ങിയ വേനലേ
നന്ദി, നന്ദി.
യാത്ര തുടരുന്നു, ശുഭയാത്ര നേർന്നു വരൂ.

എന്റെ വഴികളിൽ മൂക സാന്ത്വനമായ പൂവുകളേ
എന്റെ മിഴികളിൽ വീണുടഞ്ഞ കിനാക്കളേ നന്ദി
മധുരമാം പാഥേയമായ് തേൻ കനികൾ തന്ന തരുക്കളേ
തളരുമീയുടൽ താങ്ങി നിർത്തിയ പരമമാം കാരുണ്യമെ
നന്ദി, നന്ദി.
എന്നോടൊത്തുണരുന്ന പുലരികളേ
എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ
യാത്ര തുടരുന്നു, ശുഭയാത്ര നേർന്നു വരൂ,
യാത്ര തുടരുന്നു, ശുഭയാത്ര നേർന്നു വരൂ,

==============================

ചിത്രം: സുകൃതം (1994)
സംവിധാനം: ഹരികുമാര്‍
​ഗാനരചന: ഒ എന്‍ വി കുറുപ്പ്
സം​ഗീതം: ബോംബെ രവി
ആലാപനം: യേശുദാസ്

Comments